പാവന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്രം
text text
പാവന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്രം

ക്ഷേത്രത്തെക്കുറിച്ച്

പറയി പെറ്റ പന്തിരു കുലത്തിലെ ശ്രീ പാക്കനാരുടെ ദിവ്യ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ പാവനന്റെ (സുബ്രമണ്യൻറെ) ഊര് എന്നറിയപ്പെടുന്നതും, കാലാന്തരത്തിൽ "പാവന്നൂർ" എന്നറിയപ്പെടുന്നതുമായ ഈ ദേശത്തിൻറ്റെ സർവോത്തമ സ്ഥാനത്താണ് അതി പുരാതനവും മഹത്തരവുമായ " പാവന്നൂർ ശ്രീ ഭഗവതി ക്ഷേത്ര സമുച്ചയം" നിലകൊള്ളുന്നത്.

ഗ്രാമീണതയുടെ ഹരിതാഭ ദേവിക്ക് ഉടയാട ചാർത്തിയും ശ്രീ കൊട്ടിയൂർ പെരുമാളിന്റ്റെ ദിവ്യ സന്നിതിയിലൂടെ ഒഴുകി മാമാനിക്കുന്നു ശ്രീ മഹാ ദേവിയുടെ തൃപ്പാദങ്ങൾ തഴുകി പ്രവഹിക്കുന്ന പുണ്യ നദിയാൽ ഹാരമണിയിച്ചും ഈ മഹേശ്വരി സങ്കൽപ്പത്തിന് ആത്മീയതയുടെ അവാച്യമായ അനുഭൂതി പകരുന്നു.

പുരാതന കാലത്ത ക്ഷേത്രം ഉത്തമ ബ്രാഹ്മണരാൽ ക്ഷേത്രേശ സ്ഥാനം വഹിച്ച് ആരാധിച്ച് വരുന്നതും കാലാന്തരത്തിൽ ക്ഷേത്രം ചിറക്കൽ കോവിലകത്തിൻറ്റെ അധീനതയിലാവുകയും ചെയ്തു .ഇപ്പോൾ ചിറക്കൽ കോവിലകം ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്. പഴയ കാലത്ത് മൂന്ന് തിടമ്പ് (ശ്രീ സുബ്രഹ്മണ്യൻ, ശ്രീ ഭഗവതി, ശ്രീ ധർമശാസ്താവ്) നൃത്ത വാദ്യ ഘോഷങ്ങളും, അഞ്ച് പൂജ, ശീവേലി എന്നിവയും മറ്റും നടത്തിവന്നിരുന്ന അപൂർവ്വം മഹൽ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു.

പാവന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്രം

ഈ ക്ഷേത്ര സമുച്ചയത്തിന്റ്റെ തെക്ക് കിഴക്ക് ഭാഗത്ത് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തായി നാടിനെ മുഴുവൻ ദർശിക്കുന്ന വിധംപടിഞ്ഞാറ് ദർശനമായി മഹാവിഷ്ണുവിൻറ്റെ ക്ഷേത്രം ഉണ്ടായിരുന്നു. ഇന്ന് ആ ക്ഷേത്രത്തിൻറ്റെ സ്ഥാനവും വിഗ്രഹത്തിൻറ്റെ ഏതാനുംഭാഗങ്ങളും മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു കാലത്ത് നാടിന് സർവ്വ ഐശ്വര്യങ്ങളും നൽകിക്കൊണ്ടും, ഭക്തജനങ്ങളാൽ ആരാധിച്ചുസംരക്ഷിച്ചു പോന്നതുമായ ആ ക്ഷേത്രം നശിച്ചു പോവുകയും അന്യാധീനപ്പെട്ടുപോവുകയും ചെയ്തിരിക്കുകയാണ്. ഈ ക്ഷേത്രവുംപുനരുദ്ധരിക്കാൻ കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇത്രയും ചെറിയ ഒരു ഗ്രാമത്തിൽ പുരാതന കാലം മുതൽ ഇത്രയും ദേവസാന്നിധ്യങ്ങൾ കുടികൊള്ളുന്നത് തന്നെ സാധാരണമല്ല. അമൂല്യമായ, അദൃശ്യമായ, ഏതോ ചില വസ്തുതകളോ, സങ്കല്പങ്ങളോ ഈ ഗ്രാമത്തിനും ക്ഷേത്ര സമുച്ചയത്തിനും ഉണ്ട് എന്ന് വിശ്വസിക്കാതെവയ്യ.

മേൽ സൂചിപ്പിച്ചതിൽ നിന്നും ക്ഷേത്രത്തിൻറ്റെ ഇന്നത്തെ സ്ഥിതി നിങ്ങൾ മനസിലാക്കിയിരിക്കുമല്ലോ. ലക്ഷക്കണക്കിന് രൂപയുടെപ്രവൃത്തിയാണ് കമ്മിറ്റി ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ആയതിനാൽ ഈ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനത്തിൽ തന-മന-ധനപൂർവ്വകമായി നിങ്ങളേവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.